വെല്ലൂര്‍:പരിപാടിക്കിടെ കുഴഞ്ഞുവീണ് വെല്ലൂര്‍ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി. രാജേഷ് വെല്ലൂര്‍ സിഎംസി ആശുപത്രിയിൽ എത്തിയിട്ട് രണ്ട് മാസമാകുന്നുവെന്നും രാജേഷിനെ ആക്ടീവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അത്ഭുതകരമായ മാറ്റമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട രാജേഷ് കേശവ് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും.അവന് ഹോസ്റ്റുചെയ്ത ‘ലോക’ 300 കോടി ചിത്രമായി റെക്കോര്‍ഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗമുക്തനായി സിനിമയില്‍ സജീവമായതും ലാലേട്ടന് ഫാല്‍കെ അവാര്‍ഡ് മേടിച്ചതും ഞാന്‍ പറഞ്ഞു കൊടുത്തു. സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പന് സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീന്‍ വേദനയോടെ ഒഴിവാക്കേണ്ടി വന്നതുമാത്രം പാവം അവന് അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോള്‍ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് ശ്രീ സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കന്‍ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവന് മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.
ഇങ്ങനെ സിനിമയും സംഗീതവും യാത്രകളും സൗഹൃദവും ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങള്‍ അവനെ ആക്ടീവ് ആക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
അതിന്റെ ഒക്കെ റിസള്‍ട്ട്/ റെസ്പോണ്‍സുണ്ട്. അത് അവനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കള്‍ വന്നു അവനോടു സംസാരിക്കുന്നതും ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകള്‍ക്ക് നന്ദി.
ശ്രീരാമന് വനവാസത്തിനു ഇറങ്ങിയപ്പോള്‍ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നുമാസമായി രാജേഷിനൊപ്പമുണ്ട്. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും ആത്മസമര്‍പ്പണത്തിനും മുന്നില്‍ പകരം വെയ്ക്കാന്‍ ഈ ജന്മത്തില് ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടര്‍മാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നല്കുന്നു.
പ്രാര്‍ഥനയും സ്നേഹവും തുടരുക. പലരുടെയും സ്നേഹാന്വേഷണങ്ങള്ക്ക് കൃത്യമായി മറുപടി തരാന്‍ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചുവരാതിരിക്കാന്‍ ആവില്ല. വരും. എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിര്‍ക്കുന്ന നാളുകള്‍ക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു. നന്ദി, സ്നേഹം, പ്രാര്‍ഥന.


