കൊച്ചി: സിനിമാ സംവിധായകനും നിരവധി സീരിയലുകളുടെയും ഡോക്യുമെൻററികളുടെയും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) അന്തരിച്ചു. മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ.ഒക്കൽ സ്വദേശിയാണ് ബിജു വട്ടപ്പാറ.
സുരേഷ് ഗോപി നായകനായ രാമരാവണൻ , സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. കലാഭവൻ മണി നായകനായ ലോകനാഥ് ഐഎഎസ് എന്ന സിനിമയുടെയും മറ്റ് നിരവധി സിനിമകളുടെയും തിരക്കഥ രചിച്ചിട്ടുണ്ട്. ചക്കര വാവ, വെളുത്ത കത്രീന തുടങ്ങിയ നോവലുകളും നിരവധി കഥകളും കവിതകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ‘ഇടവഴിയും തുമ്പപ്പൂവും’ എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം ലഭിച്ചു. തമിഴിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സിനിമ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു ബിജു വട്ടപ്പാറ. ഇടയ്ക്ക് കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്