ചെന്നൈ: വാർത്താ സമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് പറഞ്ഞ താരം ഇത്തരം ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞു. നടിയുടെ തമിഴ് ചിത്രം അദേഴ്സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംഭവം.
സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ വ്ലോഗര്‍ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടെയാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്ലോഗര്‍ ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നുവെന്നും എന്റെ ടീം മെമ്പേഴ്സ് പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി പറഞ്ഞു. അതേസമയം, ഗൗരിയെ അഭിനന്ദിച്ച് ഗായിക ചിന്മയിയും രംഗത്തെത്തി.


