ലോക ശതകോടീശ്വര പട്ടികയില്‍ മുന്നിലെത്താന്‍ ടെസ്ല ഉടമ ഇലോണ്‍ മസ്കും ആമസോണ്‍ ഉടമ ജെഫ് ബിസോസും മത്സരിക്കുന്നതിനിടെ അവര്‍ക്ക് ഇന്ത്യയില്‍ നിന്നൊരു വെല്ലുവിളി. ഇരുവരെയും കടത്തിവെട്ടി ആസ്തി വര്‍ധനയിലാണ് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി ഒന്നാമതെത്തിയിരിക്കുന്നത്. ബ്ലൂംബെര്‍ഗിന്റെ ആഗോള ശതകോടീശ്വര പട്ടികയിലെ കണക്കു പ്രകാരം 2021ല്‍ ഇതുവരെ ഏകദേശം 1.18 ലക്ഷം കോടി രൂപയുടെ (620 കോടി ഡോളറിന്റെ) വര്‍ധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായിരിക്കുന്നത്.
മാര്‍ച്ച് 12ലെ കണക്കനുസരിച്ച് 5000 കോടി ഡോളറിന്റെ (3.64 ലക്ഷം കോടി രൂപ) ആസ്തിയുമായി ഗൗതം അദാനി പട്ടികയില്‍ 26ാം സ്ഥാനത്താണ്. ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ റിലയന്‍സ് ഉടമ മുകേഷ് അംബാനി പത്താം സ്ഥാനത്തും. ആദ്യ 50 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഈ രണ്ടുപേര്‍ മാത്രമാണുള്ളത്.
ജെഫ് ബിസോസിന്റെ ആസ്തിയില്‍ ഈ വര്‍ഷം 759 കോടി ഡോളറിന്റെ (55,242 കോടി രൂപ) കുറവുണ്ടായി. ആസ്തി വര്‍ധനയില്‍ രണ്ടാം സ്ഥാനത്തുള്ള ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ ആസ്തിയില്‍ 1430 കോടി ഡോളറിന്റെ (1.04 ലക്ഷം കോടി രൂപ) വര്‍ധനയാണുണ്ടായത്.


