മൂവാറ്റുപുഴ : കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥിക്ക് സ്മാര്‍ട്ട് വൈറ്റ് കെയ്ന്‍ സമ്മാനമായി നല്കി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. ആവോലി ഇരളിയൂര്‍മന ഇ.ജി. കേശവന് നമ്പൂതിരിക്കാണ് സ്മാര്‍ട്ട് കെയ്ന്‍ നല്‍കിയത്. വാഴക്കുളം സെന്റ് ലിറ്റില്‍ തെരാസസ് ഹൈസ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് പതിനൊന്നുകാരനായ കേശവന് നമ്പൂതിരി. മൂവാറ്റുപുഴ ആവോലി ഇരളിയൂര്മനയില് ഇ.കെ. ഗോവിന്ദന് നമ്പൂതിരിയുടെയും ഇ.കെ കൃഷ്ണപ്രിയയുടെയും രണ്ടാമത്തെ മകനാണ് കേശവന്. കേശവിന്റെ അമ്മ കൃഷ്ണപ്രിയയുടെ ഫോണിലൂടെയുള്ള അഭ്യര്‍ത്ഥന പ്രകാരമാണ് എല്‍ദോസ് കുന്നപ്പിള്ളി സ്മാര്‍ട്ട് വൈറ്റ് കെയ്ന്‍ എത്തിച്ചു നല്‍കിയത്.
മുന്‍പ് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളി പ്രതിനിധീകരിച്ച ഡിവിഷനാണ് ആവോലി. എല്‍ദോസ് കുന്നപ്പിള്ളി പ്രസിഡന്റായിരുന്ന കാലയളവില്‍ ജില്ല പഞ്ചായത്ത് നടപ്പാക്കിയ കാഴ്ച്ച വൈകല്യമുള്ള ആളുകള്‍ക്ക് വൈറ്റ് കെയ്ന്‍ നല്കുന്ന പദ്ധതിയും അന്ധരായ വനിതകള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കുന്ന പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡിന്റെ സംസ്ഥാന പ്രസിഡന്റ് കെ.ജെ. വര്‍ഗീസ്, ജില്ല പ്രസിഡന്റ് രാജു ജോര്‍ജ്ജ് എന്നിവരുടെ സഹകരണത്തോടെയാണ് സ്മാര്‍ട്ട് വൈറ്റ് കെയ്ന്‍ നല്‍കിയത്.
സാധാരണ വൈറ്റ് കെയ്ന്റെ അറ്റത്ത് ഘടിപ്പിക്കുന്ന ഒരു ചെറിയ അള്‍ട്രാസോണിക് ഉപകരണമാണ് കെയ്നെ സ്മാര്‍ട്ടാക്കുന്നത്. ഈ ഉപകരണം പുറപ്പെടുവിക്കുന്ന അള്‍ട്രാസോണിക് തരംഗങ്ങള്‍ വടിയുടെ മുകളിലും താഴെയും മുന്നിലുമുള്ള വസ്തുക്കളില്‍ തട്ടി തിരിച്ചുവന്നാണ് ചുറ്റുമുള്ള തടസങ്ങളെ കെയ്ന്‍ പിടിച്ചയാളെ സ്മാര്‍ട്ട് കെയ്ന്‍ അറിയിക്കുന്നത്. തടസങ്ങളുണ്ടെങ്കില്‍, തരംഗങ്ങള്‍ എന്തിലെങ്കിലും തട്ടി തിരിച്ചുവന്നാല്‍ കെയ്ന്‍ വൈബ്രേറ്റ് ചെയ്യും. വീടിനും കെട്ടിടങ്ങള്‍ക്കുമൊക്കെ അകത്ത് ഒന്നര മീറ്ററിനുള്ളിലും പുറത്ത് മൂന്ന് മീറ്ററിനുള്ളിലുമുള്ള തടസങ്ങളാണ് തിരിച്ചറിയുവാന്‍ സാധിക്കുന്നത്. ആവോലി പഞ്ചായത്തംഗങ്ങളായ ജോജി കുറുപ്പുമഠം, ഷിബു ജോസ്, ഷിമ്മി തോംസണ്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ആല്ബിന് കുര്യന്, സജോ സണ്ണി എന്നിവരും എത്തിയിരുന്നു.


