മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലേക്ക് ലതാ തിയ്യേറ്ററിനു സമീപത്തുകൂടിയുള്ള വഴി പോകുമ്പോഴാണ് ഈസ്റ്റ് കടാതി സാകേതം വീട്ടില്‍ ശാന്തകുമാരി കെ.കെയുടെ 7 പവന് തൂക്കം വരുന്ന മാല നഷ്ടമായത്. കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നുമാണ് മാല നഷ്ടപ്പെട്ടത്. തുടര്‍ന്ന് അന്വേഷണങ്ങള്‍ക്ക് ശേഷം വിവരം പോലീസില്‍ അറിയിച്ചു. വിവരം അറിഞ്ഞ മുവാറ്റുപുഴയിലെ ജീവകാരുണ്യ പ്രവര്ത്തകന് സബീര്‍ മൂവാറ്റുപുഴ ദ്യശ്യ പത്രമാധ്യമങ്ങളിലുടെയും, സാമൂഹമാധ്യമങ്ങളിലൂടെയും വിഷയം ജനങ്ങളിലെത്തിച്ചു.

ഇതിനിടെ വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ ബഷീറിന്റെ ജോലിക്കാരനായ കൊല്‍ക്കത്ത സ്വദേശി മുമിനുര് സര്‍ക്കാര്‍ എന്ന അന്യസംസ്ഥാന തൊഴിലാളി റോഡ് ക്ലിന് ചെയ്യുന്നതിനിടെ മാല ലഭിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞിരുന്ന ബഷീര്‍ മുമിനുറുവിനെ കൂട്ടി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് മാല ഉടമക്ക് നല്‍കിയത്. മുമിനുറുന് പാരിതോഷികവും നല്കി അനുമോദിച്ചാണ് നാട്ടുകാര്‍ മടക്കിയത്. .


