മെഡിക്കല്‍ കോളേജ് ക്യാമ്പസാകെ വ്യാപിച്ച ഭക്ഷണ വിതരണത്തിന് ചുക്കാന്‍ പിടിച്ചത്
ശ്രീചിത്രയുടെ മുന്നില്‍ നിന്നാരംഭിച്ച് മെഡിക്കല്‍ കോളേജ് ക്യാമ്പസിലാകെ വ്യാപിപ്പിച്ച ഭക്ഷണ വിതരണം വ്യാഴാഴ്ച 40-ാം ദിവസം പൂര്‍ത്തിയാക്കി.
ശ്രീചിത്ര ജീവനക്കാരുടെ രോഗി സേവന കേന്ദ്രം വഴി ദിവസേന ശരാശരി 200 ഭക്ഷണപ്പൊതികള്‍ വീതമാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നല്കി വരുന്നത്. നാല്‍പ്പതുനാള്‍ തികഞ്ഞ വ്യാഴാഴ്ച ശ്രീചിത്ര ഡയറക്ടര്‍ ഡോ ആശാ കിഷോര്‍ തന്നെ നേരിട്ടെത്തി രോഗികള്‍ക്ക് ഭക്ഷണപ്പൊതികള്‍ കൈമാറുകയായിരുന്നു. ലോക്ക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ ശ്രീ ചിത്രയിലെത്തുന്ന രോഗികള്‍ക്ക് ഭക്ഷണം നല്‍കിയാണ് ജീവനക്കാര്‍ ഉച്ചഭക്ഷണ വിതരണത്തിന് തുടക്കമിട്ടത്. ജീവനക്കാര്‍ തന്നെ വീട്ടില്‍ നിന്നും കൊണ്ടു വരുന്നതും സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്നതുമായ ഭക്ഷണപ്പൊതികളും കുപ്പിവെള്ളവുമാണ് കോവിഡ് ചങ്ങല പൊട്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് വിതരണം ചെയ്യുന്നത്. ശ്രീ ചിത്രയിലും ക്രമേണ മെഡിക്കല്‍ കോളേജ് ആശുപത്രി, ആര് സി സി, എസ് എ ടി ആശുപത്രികളിലും ചികിത്സയില്‍ കഴിയുന്ന രോഗീകള്ക്കു കൂടി ഭക്ഷണ വിതരണം വ്യാപിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഭക്ഷണം സ്പോണ്സര് ചെയ്യുന്നവര്‍ക്കൊപ്പം ഡയറക്ടര്‍ ഡോ ആശാ കിഷോര്‍ പങ്കുചേരുകയും ഭക്ഷണം വിതരണം ചെയ്യാനും തയ്യാറായി. ഇതോടൊപ്പം നിര്‍ധനരായ രോഗികള്‍ക്ക് വസ്ത്രവും മഴക്കാലമായതിനാല്‍ കുടയും നല്കി. ശ്രീ ചിത്ര സ്റ്റാഫ് യുണിയന്‍ പ്രസിഡന്റ് എ എസ് ബേബി, ജനറല്‍ സെക്രട്ടറി കെ വി മനോജ് കുമാര്‍, എസ് ജ്യോതി ലക്ഷ്മി, എം ടിഅരുണ്, ആര് വിജയകൃഷ്ണന്, അര് മഹേഷ്, എം സി അശ്വതി, ഡി വിനോദ് , സി പി ബിനു, ടി വി അഭിലാഷ് എന്നിവര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്കി.