മൂവാറ്റുപുഴ: കെ.രാജന് കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂര്‍ ഗ്രാമവും ആഹ്ലാദ നിറവിലാണ്. തൃക്കളത്തൂരിന്റെ മരുമകന് കെ.രാജന്റെ സത്യപ്രതിജ്ഞ ടി.വിയില്‍ കണ്ട് ആഹ്ലാദം പങ്കിടുകയായിരുന്നു പ്രദേശവാസികള്‍, തൃക്കളത്തൂര്‍ പുതുശ്ശേരിയില്‍ പി.കെ. നീലകണ്ഠന് നായരുടെയും സുശീല നീലകണ്ഠന്റെയും മകള്‍ അനുപമയുടെ ഭര്‍ത്താവായ കെ.രാജന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നേരിട്ട് കാണാന്‍ കോവിഡ് പ്രോട്ടക്കോള്‍ തടസമായ സങ്കടത്തിലാണ് ബന്ധുക്കളും അയല്‍ വാസികളും.
പൊതുപ്രവര്‍ത്തന രംഗത്ത് തൃക്കളത്തൂരിന്റ നിറസാന്നിദ്ധ്യമാണ് പുതുശ്ശേരി കുടുംബം. മുന്പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരാണ് നീലകണ്ഠന് നായരും സുശീല നീലകണ്ഠനും. എ ഐ എസ് എഫ് മുന്‍ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു അനുപമ. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറും എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.അരുണ്‍, അരുണിന്റെ ഭാര്യ ശാരി അരുണ്‍ അടങ്ങുന്ന കുടുംബത്തില്‍ ഇന്നലെ ആഹ്ലാദ നിറവിലായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് കുടുംബാംഗങ്ങള്‍ക്ക് ക്ഷണമുണ്ടായങ്കിലും കോവിഡ് പ്രോട്ടക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. വീട്ടില്‍ കുടുംബാംഗങ്ങള്‍ ടി വി യില്‍ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിച്ചു. വീട്ടില്‍ ആശംസകളുമായി എത്തിയവര്‍ക്ക് മധുരം നല്കി. എ ഐ വൈ എഫ് നേതാക്കളായ ജോര്‍ജ് വെട്ടിക്കുഴി, ജി.രാകേശ്, സനു വേണുഗോപാല്‍ എന്നിവരും ആശംസകളുമായി പുതുശ്ശേരി വീട്ടില്‍ എത്തിയിരുന്നു.


