ദില്ലി: രാജസ്ഥാനിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ബുധനാഴ്ച പുറപ്പെടും. രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള മലയാളികൾക്കായാണ് പ്രത്യേക നോൺ എസി ട്രെയിൻ സർവ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. രാജസ്ഥാനിൽ ജയ്പൂരിന് പുറമേ ചിറ്റോർഗഡിലും ട്രെയിൻ നിർത്തും. യാത്രക്കാർ അറിയിക്കുന്നതനുസരിച്ച് റെയിൽവേ സ്റ്റേഷനിൽ എത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാരിനോട് ചർച്ച നടത്തിയിരുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ട്രെയിൻ സർവ്വീസ് നടത്താൻ രാജസ്ഥാൻ സന്നദ്ധത അറിയിച്ചിരുന്നു. പഞ്ചാബ് സർക്കാരും സമാനമായ രീതിയിൽ സൗജന്യമായി ട്രെയിൻ സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാൽ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെയും, അവശത അനുഭവിക്കുന്നവരെയും സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാൻ കോൺഗ്രസ് സർക്കാരുകളും പിസിസി കളും നടപടികൾ സ്വീകരിക്കണമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പഞ്ചാബിൽ നിന്നുള്ള ട്രെയിൻ ജലന്ധറിൽ നിന്നും ആരംഭിച്ചു പാലക്കാട്, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളിൽ യാത്രക്കാരെ എത്തിക്കും. 1450 യാത്രക്കാരെ വഹിക്കാവുന്ന ഈ ട്രെയിനുകളിൽ യാത്ര സൗജന്യമായിരിക്കുമെന്നും രാജസ്ഥാൻ , പഞ്ചാബ് സർക്കാരുകൾ കേരള സർക്കാരുമായി. മറ്റു നടപടികൾ പൂർത്തിയാക്കുമെന്നും വേണുഗോപാൽ അറിയിച്ചു


