തയ്യല്‍ തൊഴിലാളി ക്ഷേമനിധി നിയമ പ്രകാരമുള്ള തൊഴിലാളികളുടെ അംശാദായ തുകയും തൊഴിലുടമാ വിഹിതവും വര്‍ദ്ധിപ്പിച്ചുകൊണ്ട് ബോര്‍ഡിനെ ശാക്തീകരിക്കാനും അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ബോര്‍ഡിന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 8,34,000 അംഗങ്ങളാണ് നിലവിലുള്ളത്. ഇതില്‍ 54,504 പേര് പെന്ഷന് ലഭിച്ചുവരുന്നവരാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 600/- രൂപയാണ് പ്രതിമാസ പെന്‍ഷനായി വിതരണം ചെയ്ത് വന്നിരുന്നത്. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ പെന്‍ഷന്‍തുക ഇപ്പോഴത്തെ സര്‍ക്കാര്‍ ഇരട്ടിയാക്കിയിട്ടുണ്ട്. അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് പ്രതിമാസം 1200/- രൂപ നിരക്കില്‍ 2019 ഓഗസ്ത് വരെയുള്ള പെന്‍ഷന്‍തുക പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പെന്ഷന് വിതരണത്തിനുള്ള ഗ്രാന്റ് ഇനത്തില്‍ 49 കോടി രൂപ ബോര്‍ഡിന് നല്കുന്നതില് മുന്‍സര്‍ക്കാര്‍ കുടിശ്ശികയാക്കിയിരുന്നു. ഇതിനുപുറമെ സ്തീ തൊഴിലാളികള്‍ക്കുള്ള പ്രത്യേക പ്രസവ ധനസഹായം വിതരണം ചെയ്യുന്നതിന് 33,24,62,000 രൂപയും കുടിശ്ശിക ഉണ്ടായിരുന്നു.ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2014 മാര്‍ച്ച് വരെയുള്ള കുടിശ്ശിക തുക ഇതിനകം വിതരണംചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന കുടിശ്ശിക തുക വിതരണംചെയ്യുന്നതിനുള്ള നടപടികള്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ മൂന്നര വര്‍ഷക്കാലയളവിനുള്ളില്‍ 179,83,42,088 (നൂറ്റി എഴുപത്തി ഒന്‍പത് കോടി എണ്‍പത്തി മൂന്ന് ലക്ഷത്തി നാല്പത്തി രണ്ടായിരത്തി എണ്‍പത്തിയെട്ട് രൂപ) പെന്ഷന് വിതരണത്തിനായി തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് അനുവദിച്ചു നല്‍കിയിട്ടുണ്ട്.മുന്‍ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്ഷന് വിതരണത്തിനായി 36,96,28,200 (മുപ്പത്തിയാറുകോടി തൊണ്ണൂറ്റിയാറ് ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി ഇരുന്നൂറ് രൂപ) മാത്രമാണ് അനുവദിച്ചിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


