കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രി പറയുന്ന കാര്യങ്ങളോട് ആദ്യം നീതിപുലര്‍ത്തേണ്ടത് സര്‍ക്കാര്‍ തന്നെയാണന്ന വിഎം സുധീരന്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതും ജനദ്രോഹപരവുമായ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം ഉടനടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുധീരന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഖനനം ഇല്ലാതായാല്‍ സ്വാഭാവികമായും സമരത്തിനും പ്രസക്തിയുണ്ടാവില്ലന്നും സുധീരന് പറഞ്ഞു. അതുകൊണ്ട് ഇനിയെങ്കിലും ഒട്ടും വൈകാതെ സര്‍ക്കാര്‍ തെറ്റുതിരുത്തണം. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം അവസാനിപ്പിക്കണം. അതുവഴി കോവിഡ് പ്രതിരോധത്തിന്റെ ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ ജനങ്ങളെ സമരത്തിലേയ്ക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കുകയും വേണമെന്നാണ് കത്തിലെ ആവശ്യം.
കത്തിങ്ങനെ…
പ്രിയപ്പെട്ട മുഖ്യമന്ത്രി,
മഹാവിപത്തായ കോവിഡ് സമൂഹവ്യാപനത്തിലേയ്ക്ക് എത്താവുന്ന അതീവ ഗുരുതരവും ആപല്‍ക്കരവുമായ സാഹചര്യമാണല്ലോ സംജാതമായിട്ടുള്ളത്.കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതും സാമൂഹ്യഅകലം പാലിക്കുന്നതും നിര്‍ബന്ധമായി മാസ്ക് ധരിക്കേണ്ടതും ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കൈകഴുകേണ്ടതും അനിവാര്യമായിട്ടുള്ളതാണെന്ന് ഇന്നലെ (09-07-2020) നടത്തിയ വാര്‍ത്താസമ്മേളനത്തിലും ബഹു. മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവല്ലോ. അതിനോടെല്ലാം പൂര്‍ണ്ണമായും യോജിക്കുന്നു.
എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍തന്നെ ആലപ്പുഴയിലെ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ പ്രളയജലം ഒഴിവാക്കുന്നതിന് അനിവാര്യമായും അടിയന്തിരമായും സ്വീകരിക്കേണ്ട നടപടികളൊന്നും യഥാസമയം ചെയ്യാതെ കുട്ടനാടിന്റെമറയില് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തോട്ടപ്പള്ളിയെ കരിമണല്‍ഖനന മേഖലയാക്കിയതുതന്നെ അങ്ങേയറ്റം തെറ്റായ നടപടിയാണ്. അതിനുപുറമെ അതെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടാണ് ചെയ്യുന്നതും. ആയിരത്തിലേറെ പോലീസുകാരെ അണിനിരത്തിക്കൊണ്ട് മുപ്പത്തഞ്ചിലേറെ ജെ.സി.ബി.യും അതിന്റെ ഓപ്പറേറ്റര്‍മാരും ഇരുന്നൂറില്പരം ലോറികളും ഡ്രൈവര്‍-ക്ലീനര്‍മാരും ഉള്‍പ്പെട്ട വലിയൊരാള്‍ക്കൂട്ടത്തിന്റെ പിന്‍ബലത്തോടെയാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ജനദ്രോഹപരമായ കരിമണല്‍ഖനന നടപടി. കരിമണല്‍ ഖനനത്തിന്റെ ഫലമായിട്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതരത്തിലുള്ള യാതൊരുപഠനവും നടത്താതെയാണ് ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നത്.
ഒരുമേഖലയിലും കരിമണല്‍ ഖനനം പാടില്ലെന്ന നിലപാടുമായി 2003 മുതല്‍ സമരരംഗത്തുള്ള ആലപ്പുഴ തീരദേശ ജനതയുടെ ഹിതത്തിന് എതിരായിട്ടാണ് അധികാരശക്തി ദുര്‍വിനിയോഗം ചെയ്ത് സര്‍ക്കാര്‍ നടത്തിവരുന്ന ഈ ജനദ്രോഹ നടപടി. അതിനെതിരെ വന്‍പ്രതിഷേധമുയര്‍ത്തിയ ജനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 41 ദിവസമായി സമരരംഗത്താണ്. ഇപ്പോഴാകട്ടെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്. തീരപ്രദേശത്ത് പലയിടങ്ങളിലും കോവിഡ്വ്യാപനം ആശങ്കാജനകമായി വന്നതിനെത്തുടര്‍ന്നാണ് ഈ നടപടി. കോവിഡ് പ്രതിരോധത്തിനായി ബഹു.മുഖ്യമന്ത്രി പറയുന്ന കാര്യങ്ങളോട് ആദ്യം നീതിപുലര്‍ത്തേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. അങ്ങനെയെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതും ജനദ്രോഹപരവുമായ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം ഉടനടി അവസാനിപ്പിക്കണം. ഖനനം ഇല്ലാതായാല്‍ സ്വാഭാവികമായും സമരത്തിനും പ്രസക്തിയുണ്ടാവില്ലല്ലോ. അതുകൊണ്ട് ഇനിയെങ്കിലും ഒട്ടും വൈകാതെ സര്‍ക്കാര്‍ തെറ്റുതിരുത്തണം. തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം അവസാനിപ്പിക്കണം. അതുവഴി കോവിഡ് പ്രതിരോധത്തിന്റെ ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ ജനങ്ങളെ സമരത്തിലേയ്ക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കുകയും വേണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്നേഹപൂര്‍വ്വം
വി.എം.സുധീരന്
ശ്രീ പിണറായി വിജയന്
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീ. ഇ.പി.ജയരാജന്, ബഹു. വ്യവസായവകുപ്പുമന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരന്, ബഹു.റവന്യൂവകുപ്പു മന്ത്രി
ഡോ. തോമസ് ഐസക്, ബഹു.ധനകാര്യവകുപ്പുമന്ത്രി
ശ്രീ. കെ.കൃഷ്ണന്‍കുട്ടി, ബഹു.ജലവിഭവ വകുപ്പുമന്ത്രി
ശ്രീ. ജി.സുധാകരന്, ബഹു. പൊതുമരാമത്ത് വകുപ്പുമന്ത്രി
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. എ.കെ.ബാലന്, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. പി. തിലോത്തമന്, ബഹു. സിവില്സപ്ലൈസ്വകുപ്പുമന്ത്രി
ശ്രീ. രമേശ് ചെന്നിത്തല, ബഹു.പ്രതിപക്ഷനേതാവ്
ഡോ. വിശ്വാസ്മേത്ത ഐ.എ.എസ്. ചീഫ്സെക്രട്ടറി, കേരളസര്‍ക്കാര്‍