കാസർകോട് – മംഗളുരു ദേശീയപാതയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകച്ചോർച്ച. കാസർകോട് അടുക്കത്ത് ബയലിനടുത്ത് വച്ച് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്നു കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുകയായിരുന്നു ടാങ്കർ. അടുക്കത്ത് ബയലിലെ ഒരു വളവിൽ വച്ചാണ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെത്തുടർന്നുണ്ടായ വാതകച്ചോർച്ച അഗ്നിശമന സേന താൽക്കാലികമായി അടച്ചു.തുടർന്ന് മംഗളൂരുവിൽ നിന്ന് റിക്കവറി വാൻ എത്തിച്ച് അപകടത്തിൽപ്പെട്ട ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേയ്ക്ക് മാറ്റാൻ തുടങ്ങിയിട്ടുണ്ട്.
പാചകവാതകവുമായി പോയ ബുള്ളറ്റ് ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തെ കുടുംബങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വാതകച്ചോർച്ചയുണ്ടായതിനാൽ സ്ഥലത്തുള്ള അടുക്കത്ത് ബയൽ ഗവ. യുപി സ്കൂളിന് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് മണിക്കൂര്‍ നേരത്തേക്ക് വാഹനങ്ങള്‍ വഴി തിരിച്ച് വിടുമെന്ന് പൊലീസ് അറിയിച്ചു.


