വയനാട്: മാനന്തവാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി പച്ചിലക്കാട് ടൗണില്‍വെച്ച് ഇന്ന് രാവിലെ 10മണിയോടെയായിരുന്നു അപകടം. മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വിനോദ സഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു യുവാക്കള്‍. കാര്‍ തെറ്റായ ദിശയിലൂടെയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ഇന്നോവയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സുമെത്തി പരിശോധന നടത്തുകയാണ്. മരിച്ച രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്.


