ഇടുക്കി ആനയിറങ്ങല്‍ ഡാമിന് സമീപം ബൈക്ക് യാത്രക്കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്ര കുമാറിന്റെ ഭാര്യ വിജി ആണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ തമിഴ്നാട്ടില്‍ പോയി തിരിച്ചു വരുകയായിരുന്ന വിജിയും ഭര്‍ത്താവും ശങ്കരപാണ്ഡ്യമെട്ടില്‍ വച്ച് കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവ് കുമാര്‍ ഓടി രക്ഷപ്പെടുകായായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.
മധുരയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഇരുവരും എസ് വളവില്‍ നിലയുറപ്പിച്ച ഒറ്റയാന്റെ മുന്നില്‍പ്പെട്ടു. കുമാര്‍ ഉടന്‍ തന്നെ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മറിഞ്ഞു വീണു. ഇതിനിടെ ഇരുവര്‍ക്കും അടുത്തെത്തിയ കാട്ടാന വിജിയെ ചവിട്ടി കൊല്ലുകയായിരുന്നു. കുമാര്‍ ഓടി മാറിയതിനാല്‍ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു. ചട്ടമൂന്നാറില്‍ തോട്ടം തൊഴിലാളികളാണ് ഇരുവരും. വിജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


