തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ കേരളത്തിൽ ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസുകള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വ്വീസ് നടത്തുകയെന്ന് കെ എസ് ആര് ടി സി എം ഡി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ (സി, ഡി കാറ്റഗറി) പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ ഉണ്ടാകുക. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് നിലവിലെ ഡ്യൂട്ടി പാറ്റേണ്‍ തുടരും എന്നാല്‍ ഓര്‍ഡിനറി ബസുകളില്‍ 12 മണിയ്ക്കൂര്‍ എന്ന നിലയില്‍ യാത്രക്കാരുടെ ആവശ്യാനുസരണമാകും സര്‍വീസ് നടത്തുക. യാത്രാക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് തീരുമാനം.
സമ്പൂർണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ ഒഴികെ സര്‍വ്വീസ് നടത്തുകയില്ലെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുമാണ് തീരുമാനം എന്ന് എം ഡി അറിയിച്ചു.


