ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തുന്ന ഭരണ പരിഷ്കാരങ്ങള്‍ ദ്വീപ് നിവാസികളുടെ നന്മയ്ക്കെന്ന് കളക്ടര്‍ എസ് അസ്കര്‍ അലി. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏര്‍പ്പെടുത്തുന്നത്. മറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കളക്ടര്‍ വ്യക്തമാക്കി.
മദ്യവില്പന ലൈസന്‍സ് വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടി മാത്രമാണ്. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ദ്വീപില്‍ മയക്കുമരുന്നും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. ഇത് തടയാനാണ് ഗുണ്ടാനിയമം കൊണ്ടു വന്നത്. കൊവിഡ് വാക്സിനേഷന് നടപടികള്‍ ത്വരിത ഗതിയില്‍ നടക്കുകയാണ്. മുന്‍നിര പോരാളികള്‍ക്ക് വാക്സിന് നല്‍കിക്കഴിഞ്ഞു. ആറ് ദ്വീപുകളിലും വാക്സിനേഷന് ഉടന്‍ പൂര്‍ത്തിയാക്കും എന്നും കളക്ടര്‍ പറഞ്ഞു.
ദ്വീപില്‍ നടക്കുന്നത് വികസന പ്രവര്‍ത്തനങ്ങളാണ്. ദ്വീപില്‍ മികച്ച ഇന്റര്‍നെറ്റും മികച്ച ആരോഗ്യ സംവിധാനങ്ങളും ഉറപ്പാക്കും. പുതിയ ആശുപത്രികള്‍ സ്ഥാപിക്കും. സ്ത്രീകള്‍ക്ക് വേണ്ടി സ്വാശ്രയ സംഘം ആരംഭിച്ചു. ഒഴിപ്പിച്ചത് അനധികൃത കയ്യേറ്റങ്ങളാണ്. ദ്വീപില്‍ ഓക്സ്ജന്‍ പ്ലാന്റും മാതൃകാ മത്സ്യഗ്രാമവും സ്ഥാപിക്കും. എതിര്‍പ്പുയര്‍ത്തുന്നത് സ്ഥാപിത താത്പര്യക്കാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വാര്‍ത്താ സംമ്മേളനത്തിനെത്തിയ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ഇടത് യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകളാണ് പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കളക്ടറുടെ കാറിനു കരിങ്കൊടി കാണിച്ചു.

