കോതമംഗലം: റെക്കോര്‍ഡിന്റെ തിളക്കത്തില്‍ പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയന് എന്‍.സി.സി ഓഫീസറുമായ ക്യാപ്റ്റന്‍ ഡോ. പി.കെ. സുഷന്‍. ഇന്ത്യ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ആണ് ഈ കോളേജ് അധ്യാപകന് ഇടം നേടിയത്. എന്‍.സി.സിയുടെ ദേശീയ പുരസ്കാരം നാല് തവണ സുഷനെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും എന്‍.സി.സിയുടെ ദേശീയ പുരസ്കാരം നാല് തവണ നേടുന്ന ഏക ഓഫീസറാണ് ഡോ. പി.കെ. സുഷന്‍. ഈ ബഹുമതിക്ക് പിന്നാലെയാണ് ഡോ. പി.കെ. സുഷനെ തേടി ‘ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോര്‍ഡ്’ അംഗീകാരം എത്തുന്നത്.

പിറവം ബി.പി.സി കോളേജിലെ എന്‍.സി.സി. ഓഫീസറും ബിസിനസ് അഡ്മിനിസ്ട്രേഷന് വിഭാഗം മേധാവിയുമായ ഇദ്ദേഹത്തിനു എന്‍.സി.സി.യിലെ സ്തുസ്ത്യര്‍ഹ സേവനത്തിന് ലഭിക്കുന്ന ദേശീയ പുരസ്കാരം 2013 ലും 2016 ലും 2018 ലും 2020 ലും ലഭിച്ചിരുന്നു.
2014 ല്‍ ദില്ലിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരള- ലക്ഷദീപ് എന്‍.സി.സി. കണ്ടിന്‍ജന്റിന് നേതൃത്വം നല്‍കിയിട്ടുമുണ്ട്. കോതമംഗലം എം.എ. കോളേജ് റിട്ട. പ്രഫ. പാറയില്‍ ഫാ. പി.വി. കുര്യാക്കോസിന്റെയും ഹില്ഷയുടെയും മകനാണ്. ഭാര്യ ഡോ. ഷിമ മാത്യു കൂത്താട്ടുകുളം മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയല്‍ ഗവ. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. മക്കള്‍ സുമിഷ്, സാവന.


