കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച സംഭവത്തില്‍ 100 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയന് തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് മാനദണ്ഡലം പാലിക്കാതെ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് കേസ്. കോളജ് പ്രിന്‍സിപ്പലിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നല്‍കും.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. ലൈബ്രറി സമുച്ചയത്തിന് മുന്‍പിലാണ് നൂറോളം വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കോവിഡ് മഹാമാരിയെയും മാനദണ്ഡങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രോട്ടോകോള്‍ ലംഘനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പിന്നാലെയാണ് കേസെടുത്തത്.


