ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളിലെല്ലാം കൈകടുത്തുന്ന ഡല്‍ഹി ലഫ്.ഗവര്‍ണറുടെ അധികാരങ്ങളില്‍ പരിമിതി കൊണ്ടുവരാനും ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. പൂര്‍ണ സംസ്ഥാന പദവി അംഗീകരിച്ചില്ലെങ്കിലും ലഫ്.ഗവര്‍ണര്‍ക്ക് കടിഞ്ഞാണിടാന്‍ നടത്തിയ നീക്കത്തില്‍ വലിയ വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയിരിക്കുന്നത്.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഭരണഘടനക്ക് വിധേയമാകുക എന്നത് എല്ലാവരുടേയും കടമയും ഉത്തരവാദിത്തവുമാണ്. ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വച്ചുതാമസിപ്പിക്കരുതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. മൂന്നു പ്രത്യേക ഉത്തരവുകളാണ് ബെഞ്ച് പുറപ്പെടുവിക്കുന്നത്.
ഭരണഘടനാപരമായ ചുമതല വഹിക്കുന്ന എല്ലാവരും ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് വേണം പ്രവര്‍ത്തിക്കാന്‍. ഭരണഘടനാപരമായ ധര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയും വേണം. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ ആ പദവിയില്‍ ഇരിക്കുന്നവര്‍ നിര്‍വഹിക്കണമെന്നും വിധന്യായത്തിന്റെ തുടക്കത്തില്‍ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. എല്ലാ കാര്യത്തിലും ലഫ്.ഗവര്‍ണറുടെ പൂര്‍ണ സമ്മതം ആവശ്യമില്ല. ഇരുകൂട്ടരും പരസ്പരം ചര്‍ച്ച ചെയ്തു യോജിപ്പില്‍ വേണം പോകാന്‍. ഇവിടെ അരാജകത്വത്തിന് ഇടമില്ല.
ലഫ്.ഗവര്‍ണര്‍ക്ക് യാന്ത്രികമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഭരണഘടനയുടെ 239 എഎ അനുഛേദപ്രകാരം മന്ത്രിസഭയുടെ സഹായവും ഉപദേശവും അദ്ദേഹം നിര്‍ബന്ധമായും തേടിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി പൊരുത്തപ്പെട്ടുവേണം ലഫ്.ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍. എന്തെങ്കിലും അഭിപ്രായ ഭിന്നത ഉടലെടുത്താല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഡല്‍ഹി സര്‍ക്കരിന് പൂര്‍ണ്ണ അധികാരമുള്ള വിഷയങ്ങളില്‍ ലഫ്.ഗവര്‍ണര്‍ നിയമത്തിന് വിധേയമായി വേണം പ്രവര്‍ത്തിക്കാന്‍. ഗവര്‍ണര്‍മാരെ പോലെ ലഫ്.ഗവര്‍ണര്‍ക്ക് സ്വതന്ത്ര അധികാരമില്ല. അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മേല്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകും.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ആരോഗ്യപരമായിരിക്കണം. ലഫ്.ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരമില്ല. എല്ലാം തടസ്സപ്പെടുത്തുന്ന അധികാരമായി പ്രവര്‍ത്തിക്കരുത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഭരണഘടന പ്രാമുഖ്യം നല്‍കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടന അനുവദിക്കുന്ന ഇടങ്ങളില്‍ മാത്രമാണ് ലഫ്.ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അധികാരമുള്ളത്. ഭൂമി, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിന് പരമാധികാരമുണ്ട്. എന്നാല്‍ മറ്റു വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങളില്‍ ലഫ്.ഗവര്‍ണര്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം എന്നും ചീഫ് ജസ്റ്റീസ് വിധിയില്‍ പറയുന്നു.
രാജ്യതാല്പര്യം പോലെയുള്ള സുപ്രധാന വിഷയങ്ങളില്‍ മന്ത്രിസഭയുടെ തീരുമാനങ്ങള്‍ തടസ്സപ്പെടുത്താന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മേല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തന്റെ ഭരണഘടനാപരമായ ചുമതലകള്‍ ദുരുപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഡല്‍ഹി ഹൈക്കോടതി എഎപിയുടെ ഹര്‍ജി തള്ളുകയും ലഫ്.ഗവര്‍ണറാണ് പരമാധികാരി എന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്താണ് എഎപി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ എകെ സിക്രി, എ.കെ ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ് എന്നിവര്‍ പതിനഞ്ചു ദിവസം നീണ്ട വാദം കേട്ടശേഷമാണ് വിധി പ്രസ്താവിച്ചത്.
ഇത് ഡല്‍ഹി ജനതയുടെ വിജയമാണെന്നും ചരിത്രപരമായ വിധിയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഓരോ കാര്യത്തിനും ഇനി കേന്ദ്രത്തിനു മുന്നില്‍ കാത്തുനില്‍ക്കേണ്ട എന്നും കെജ്രിവാള് പറഞ്ഞു.


