സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറന്‍സിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ട്.
തീപിടിത്തം വന്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കല്‍ പൊലീസില്‍ നിന്ന് രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
തീപിടുത്തത്തില്‍ ദുരൂഹത ഉയര്‍ത്തി യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കിയേക്കും. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.


