കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സിബിഐ. കേസിലെ നടപടിക്രമങ്ങളില്‍ തുടക്കം മുതല്‍ വീഴ്ചയുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീടാണ് കൊലക്കുറ്റം ചുമത്തിയത്. കൊലപാതകത്തില്‍ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനു പങ്കില്ലെന്ന് പറയാനാകില്ലെന്നും സിബിഐ ഹൈക്കോടിയെ അറിയിച്ചു.
ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം ഭാര്യയ്ക്ക് ജോലി
ശ്രീജിത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. എ.വി. ജോര്ജിനെതിരെയെയും ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചു. റൂറല്‍ ടൈഗര്‍ ഫോഴ്സിന് എസ്പി സ്വന്തം നിലയില്‍ രൂപം നല്‍കിയത് നിയമവിരുദ്ധമല്ലേയെന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. ആര്‍ടിഎഫുകാര്‍ എസ്പിയുടെ നിര്‍ദേശമില്ലാതെ പ്രവര്‍ത്തിക്കുമോ.
ഈ കേസില്‍ എസ്പിക്ക് കാഴ്ചക്കാരന്റെ റോളാണോ ഉണ്ടായിരുന്നതെന്നും കോടതി ചോദിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യമായ തെളിവുകള്‍ പോലീസിന്റെ കൈവശമുണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു. വാസുദേവന്റെ മകന്റെ പരാതി മാത്രമാണ് ശ്രീജിത്തിനെതിരെ ഉണ്ടായിരുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തശേഷം ആര്‍ടിഎഫുകാര്‍ മര്‍ദിച്ചതിനു തെളിവുകള്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും ജോര്‍ജിനെ പ്രതിയാക്കാന്‍ തെളിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് വിധി പറയാനായി ചൊവ്വാഴ്ചത്തേക്കു മാറ്റി.


