പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ 4 സ്കൂളുകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സുകൾ വെള്ളിയാഴ്ച വിതരണം ചെയ്യുമെന്ന് അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ
എം.എൽ.എ അറിയിച്ചു. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ചേരാനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ പെരുമ്പാവൂർ ഗവ. ഗേൾസ് എൽ.പി സ്കൂൾ, ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, അശമന്നൂർ ഗ്രാമപഞ്ചായത്തിലെ അശമന്നൂർ ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ബസ്സുകൾ അനുവദിച്ചത്.
ആസ്തി വികസന ഫണ്ടിൽ നിന്നും 53.92 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. നിയോജകമണ്ഡലത്തിൽ വിദ്യഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന ‘ ഇൻസ്പെയർ പെരുമ്പാവൂർ ‘ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ ബസ്സുകൾ അനുവദിച്ചത്. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രമായ ഇടപെടലാണ് ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം എൽ എ പറഞ്ഞു.

