കഠിനംകുളത്ത് മദ്യം നല്കി ഭര്‍ത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയുമാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത മറ്റൊരാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്ക് ഗൂഡാലോചനയിൽ പങ്കുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
ഇന്നലെ രാത്രിയാണ് യുവതിക്കെതിരെ ബലാത്സംഗ ശ്രമമുണ്ടായത്. യുവതിയെയും രണ്ട് മക്കളെയും ഭർത്താവ് പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ടുപോയിരുന്നു. അതിന് ശേഷം സമീപത്തുള്ള ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യുവതിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. അതിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിയുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തത്. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അതേസമയം, കേസിൽ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിത കമ്മീഷന് കേസെടുത്തത്. സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും വനിത കമ്മീഷന് അറിയിച്ചു.


