ബാറുകളുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്. സംസ്ഥാനത്ത് പുതിയ 8 ബാറുകള്‍ അനുവദിച്ച സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണന്ന് സുധീരന് പറഞ്ഞു.
കത്തിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
സംസ്ഥാനത്ത് പുതിയ 8 ബാറുകള്‍ അനുവദിച്ച സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മഹാവിപത്തായ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. അതിന്റെഭാഗമായി മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയിരിക്കുകയുമാണ്. ഇതേത്തുടര്‍ന്ന് മദ്യത്തിന്റെ ഉപയോഗത്തില്‍നിന്നും മദ്യാസക്തര്‍ വ്യാപകമായി പിന്മാറിയിരിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. ഇത് ഗുണപരമായ ഒരു മാറ്റങ്ങളിലേയ്ക്കാണ് കേരളത്തെ എത്തിച്ചിട്ടുള്ളത്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മദ്യവിപത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നരീതിയില്‍ നിലവിലുള്ള മദ്യനയംതന്നെ അടിമുടി പൊഴിച്ചെഴുതുകയാണ് വേണ്ടത്. അതിനു ശ്രമിക്കുന്നതിനുപകരം ജനങ്ങളെ കുടിപ്പിച്ചേമതിയാകൂ എന്ന പിടിവാശിയോടെ പുതിയ ബാറുകള്‍ അനുവദിക്കുന്നത് കടുത്ത ജനദ്രോഹമാണ്. സമൂഹത്തോട് ചെയ്യുന്ന മഹാപാതകവുമാണ്. അതുകൊണ്ട് ഇപ്പോള്‍ അനുവദിച്ച എല്ലാ ബാറുകളുടെയും ലൈസന്‍സുകള്‍ ഉടനടി റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മേലില്‍ ബാറുകളുള്പ്പെടെയുള്ള മദ്യശാലകള്‍ അനുവദിക്കാനുള്ള നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും താല്പര്യപ്പെടുന്നു.
സ്നേഹപൂര്‍വ്വം
വി.എം.സുധീരന്
ശ്രീ പിണറായി വിജയന്
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. ഇ. ചന്ദ്രശേഖരന്, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്, ബഹു.എക്സൈസ് വകുപ്പുമന്ത്രി
ശ്രീ. എ.കെ.ബാലന്, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്