വയനാട്: വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാലായി. ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13 പേർക്കാണ്. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മദ്ധ്യവയസ്ക മരിച്ചിരുന്നു. വയനാട്ടില്‍ കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിർദേശമാണ് നല്‍കുന്നത്. കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാടതിർത്തിയില്‍ താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഹീമോഫൈസാലിസ് വിഭാഗത്തില്‍പെട്ട ചെള്ളുപ്രാണിയാണ് കുരങ്ങുപനി രോഗവാഹകർ. പ്രധാനമായും കുരങ്ങന്റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങന് ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടർത്തും.

