സന്തോഷ് കിഴകൊമ്പ് ♦
കൂത്താട്ടുകുളം: ഒരു കൊച്ചുഗ്രാമത്തിലെ കൂടുസു മുറിയിലിരുന്ന് അനീതികൾക്കെതിരെ തൂലിക പടവാളാക്കിയ ആദ്യകാല പത്രപ്രവർത്തകൻ വി. കെ.മാധവൻ ഓർമ്മയായി. സ്വാതന്ത്ര്യ സമരത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കൂത്താട്ടുകുളത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ലഘുലേഖകൾ അച്ചടിക്കാനായി
1947 കാലഘട്ടത്തിൽ മാധവൻ
തുടങ്ങിയ ദേശസേവിനി പ്രസാണ് പിൽക്കാലത്ത് പത്രം അച്ചടിക്കാനായി ഉപയോഗിച്ചത്. ലഘുലേഖകൾ അച്ചടിച്ചതിന് പോലീസ് നിരവധി തവണ കേസെടുത്തെങ്കിലും ഒളിവിൽ പോയി തന്റെ പ്രവർത്തനം തുടർന്നു.1974ൽ അഷ്ടപതി എന്ന പേരിൽ ദ്വൈവ വാരിക ഇറക്കി. പെരുമ്പടവം ശ്രീധരൻ, ഏറ്റുമാനൂർ ശിവകുമാർ ,ജോസഫ് പുലിക്കുന്നേൽ തുടങ്ങിയ പ്രമുഖർ ഇക്കാലത്ത് വാരികയിൽ കഥകളും ലേഖനങ്ങളുമെഴുതിയിരുന്നു. 1977 ൽ അനുരഞ്ജനം എന്ന പേരിൽ കൂത്താട്ടുകുളത്തു നിന്നും സായാഹ്നപത്രം പ്രസിദ്ധീകരണം ആരംഭിച്ചു. ഇരുപതു വർഷത്തോളം കിഴക്കൻ മേഖലയിലും തൊടുപുഴ പ്രദേശങ്ങളിലും സായാഹ്ന വാർത്തകൾ എത്തിക്കുന്നതിൽ അരുരഞ്ജനം പ്രധാന പങ്കുവഹിച്ചു. എന്നും എഡിറ്റോറിയൽ ഉൾപ്പെടെ പ്രധാന ലേഖനങ്ങൾ എഴുതി അച്ചു നിരത്തുന്നതിൽ വരെ മാധവേട്ടൻ ശ്രദ്ധിച്ചിരുന്നു.
കൂത്താട്ടുകുളത്ത് ഓണംകുന്ന് കാവിന് സമീപത്തെ ഓടിട്ട കെട്ടിടത്തിലെ ദേശ സേവിനി പ്രസും ഓഫീസ് മുറിയും ,അന്നത്തെ പ്രശ്നക്കാർക്കും, അഴിമതിക്കാർക്കും പേടി സ്വപ്നം തന്നെയായിരുന്നു. ഒരു ഘട്ടത്തിൽ ഉടമ കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന്
ആവശ്യപ്പെട്ടപ്പോൾ മടി കൂടാതെ പ്രസും ഓഫീസും സ്വന്തം വീട്ടിലേക്ക് മാറ്റി. അക്കാലത്ത് വാടകക്ക് കെട്ടിടം എടുത്തിരുന്ന പലരും കേസുകെടുത്ത് കെട്ടിടത്തിൽ അവകാശം സ്ഥാപിച്ചിരുന്ന കാലഘട്ടത്തിൽ മൂല്യങ്ങൾ ഉയർത്തിപ്പാടിക്കുന്നതിൽ അനുരഞ്ജനം മാധവൻ മടി കാട്ടിയില്ല.മരണം വരെ അനുരഞ്ജനം കൈവിടാതെ അനുരഞ്ജനം മാധവൻ യാത്രയായി.


