മൂവാറ്റുപുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്ന എന്‍.പരമേശ്വരന് നായരുടെ സ്മരണാര്‍ത്ഥം എന്‍.പരമേശ്വരന് നായര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍.പരമേശ്വരന് നായര്‍ പുരസ്കാരത്തിന് സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറിയും, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും, പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായ ഇ.എ.കുമാരന് അര്‍ഹനായി.
ഏറെ പിന്നോക്കം നിന്നിരുന്ന മൂവാറ്റുപുഴയുടെ വികസനത്തിന് ഇന്ന് കാണുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുന്നതില്‍ ദീര്‍ഘ വീക്ഷണത്തോടെ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കുകയും ചെയ്ത നഗരസഭാ ചെയര്‍മാനായിരുന്നു എന്‍.പരമേശ്വരന് നായര്‍. മൂവാറ്റുപുഴയില്‍ നിന്നും തന്റെ പ്രവര്‍ത്തനമണ്ഡലം തിരുവനന്തപുരത്തേയ്ക്ക് മാറ്റുകയായിരുന്നു. മുന്‍വ്യവസായ വകുപ്പ് മന്ത്രി ടി.വി.തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ വ്യവസായ രംഗത്ത് നൂതനങ്ങളായ എന്ത്രങ്ങള്‍ കൊണ്ട് വരുന്നതില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ പരമേശ്വരന് നായര്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 9ന് മൂവാറ്റുപുഴയില്‍ നടക്കുന്ന ചടങ്ങില്‍ കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന് അവാര്‍ഡ് സമ്മാനിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് എന്‍.അരുണും, കണ്‍വീനര്‍ ടി.എം.ഹാരീസും അറിയിച്ചു.

