കോഴിക്കോട് : ഭാര്യവീട്ടില്‍ പോയ യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. പോലീസ് അന്വേഷണം പാതിവഴിയിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാമനാട്ടുകര കാരാട്പറമ്പ് വാക്കുളങ്ങരപുറായ് സജല്ദാസിനെയാണ് ഏപ്രില്‍ 28 മുതല്‍ കാണാതായത്. സജല്ദാസിന്റെ സഹോദരന് അനില്‍കുമാര്‍ വാഴക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ സജല്ദാസിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയതിനാല്‍ തുടര്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. 28ന് രാവിലെ 7.30നാണ് സജല്‍ദാസ് സ്വന്തം വീട്ടില്‍നിന്ന് കുന്നമംഗലത്തുള്ള ഭാര്യവീട്ടിലേക്ക് പുറപ്പെട്ടത്. സഹോദരന് രാവിലെ 9.12ന് സജല്ദാസിനെ ഫോണില്‍ വിളിച്ചിരുന്നു. ഭാര്യവീട്ടിലേക്കുള്ള യാത്രയിലാണെന്നാണ് മറുപടി ലഭിച്ചത്.
അന്നുരാവിലെ 9.30ന് രാമനാട്ടുകരയിലെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ സജല്‍ദാസ് നടന്നുപോവുന്നതു പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് സജല്ദാസിനെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല.


