തിരുവനന്തപുരം: വിതുര തൊളിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിം കുറ്റം സമ്മതിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം ഏറ്റുപറഞ്ഞത്. സംഭവത്തിന് ശേഷം ഇമാമിനെ രക്ഷപെടാന്‍ സഹായിച്ചവരെയും കേസില്‍ ഉള്‍പ്പെടുത്താനാണ് പോലീസ് നീക്കം. ഇതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇമാമിന് ഒളിവില്‍ പോകാന്‍ സഹായം ചെയ്ത് കൊടുത്തതിന് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണമാണ് ഇമാമിനെ കുടുക്കാന്‍ സഹായിച്ചത്. ഇമാമിന്റെ സഹായി പെരുന്പാവൂര്‍ സ്വദേശിയായ നൗഷാദിന്റെ മൊബൈല്‍ ഫോണ്‍ നന്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുരയിലെ ഇമാമിന്റെ ഒളിസങ്കേതത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. നൗഷാദിന്റെ നിര്‍ദേശാനുസരണം പെരുന്പാവൂര്‍ സ്വദേശിയായ റാഫിയാണ് ഇമാമിനോടൊപ്പം സഹായിയായിട്ട് ഒളിവ് സങ്കേതങ്ങളില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ഇമാമിന്റെ ഡ്രൈവറായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. റാഫിയുടെയും നൗഷാദിന്റെയും ടെലിഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇമാം ഓരോ ദിവസവും ഒളിസങ്കേതം മാറുന്നതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസിന് മനസിലാക്കാന്‍ സാധിച്ചത്.

