ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക സംവരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും നടപ്പിലാക്കുന്നു. എയിഡഡ്, അണ് എയിഡഡ് പ്രവേശനത്തില്‍ സംവരണം നല്കാന് ലോക്സഭയില്‍ വെച്ച ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗത്തിന് നല്‍കാത്ത ആനുകൂല്യമാണ് കേന്ദ്രം നടപ്പാക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുകയാണ്.
നിലവില്‍ പട്ടികജാതി- പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുക. ഇതോടൊപ്പം സാമൂഹ്യമായ പിന്നാക്കവസ്ഥയ്ക്കുള്ള പരിഹാരമെന്ന സംവരണത്തിന്റെ വ്യാഖ്യാനത്തിലും ഭേദഗതി വേണ്ടിവരും. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചാലും ഈ സഭ സമ്മേളനത്തില്‍ പാസാക്കാനാകില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാവണം. സംസ്ഥാന നിയമസഭകളിലും ബില്‍ പാസാക്കേണ്ടതുണ്ട്.


