ഇടുക്കി: ചിന്നക്കനാലില് ആന സാങ്ച്വറി തുടങ്ങാന് 2009 ലെ എല്ഡിഎഫ് സര്ക്കാര് നീക്കം നടത്തിയതിന്റെ രേഖകള് . അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം,റവന്യു മന്ത്രി കെ.പി രാജേന്ദ്രന് എന്നിവര് പങ്കെടുത്ത ഉപ സമിതി യോഗത്തില് ചിന്നക്കനാല് ആനകളുടെ സഞ്ചാരപാതയാണന്നും സ്ഥിരീകരിച്ചിരുന്നു. അതേസമയം ആനത്താരയ്ക്ക് വേണ്ടി ഫെന്സിങ് പൊളിക്കുന്നതുള്പ്പെടെ ഭൂപ്രശ്നങ്ങള് ഉന്നയിച്ച് ഇടുക്കിയില് സിപിഐഎം ഹര്ത്താല് തുടരുകയാണ്. ചിന്നക്കനാല് മേഖലയില് കാട്ടാന ആക്രമണം തടയാനെന്ന പേരില് നിര്മ്മിച്ച സ്വകാര്യ ഭൂമിയിലെ ഫെന്സിങ്ങുകളും മതിലുകളും പൊളിച്ചുനീക്കാന് ഇടുക്കി ജില്ലാ കലക്ടര് ഇറക്കിയ ഉത്തരവാണ് വിവാദമായത്.ഇന്നലെ നിയമസഭയില് ഉള്പ്പടെ വിഷയം ചര്ച്ചയായി. മലയോര
കര്ഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കമെന്നായിരുന്നു എല്ഡിഎഫ് വിമര്ശനം. എന്നാല് 2009 ല് ഇതേ എല്ഡിഎഫ് ചിന്നക്കനാല് ആനകളുടെ സഞ്ചാര പാതയെന്നു സ്ഥിരീകരിച്ചിരുന്നു.2009ല് ചേര്ന്ന സബ്കമ്മിറ്റി യോഗത്തിന്റെ മീറ്റിംഗ് മിനുറ്റ്സ് രേഖയാണ് പുറത്തുവന്നത്. അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം,റവന്യു മന്ത്രി കെ.പി രാജേന്ദ്രന്, എസ്ടിഎസ്സി വകുപ്പ് മന്ത്രി എ.കെ ബാലന് എന്നിവര് യോഗത്തില് പങ്കെടുത്തു. ചിന്നക്കനാല് എലിഫന്റ് സാങ്ച്വറിയാക്കാന് സംയുക്ത സര്വേ നടത്തണമെന്ന് യോഗത്തില് തീരുമാനമെടുത്തു.
ചിന്നക്കനാല് ആനകളുടെ സഞ്ചാര പാതയാണെന്നു അന്നത്തെ സര്ക്കാര് സമ്മതിക്കുന്നതും റിപ്പോര്ട്ടിലുണ്ട്. ദേവികുളത്തിനും മതികെട്ടാനുമിടയില് ആനക്കൂട്ടങ്ങളുടെ പരമ്പരാഗത സഞ്ചാര പാതയാണെന്നും പ്രദേശത്തു 28 കാട്ടാനകള് ഉണ്ടെന്നും 2009 ലെ വനം വകുപ്പ് സ്ഥിരീകരിക്കുന്നു. ആനത്താരയ്ക്ക് വേണ്ടി ഫെന്സിങ് പൊളിക്കുന്നതുള്പ്പെടെ ഭൂപ്രശ്നങ്ങള് ഉന്നയിച്ചാണ് ഇന്ന് ഇടുക്കിയില് സിപിഐഎം ഹര്ത്താല് നടത്തുന്നത്. ഹര്ത്താലില് സ്വകാര്യ ബസുകള് നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും പൂര്ണമായും അടഞ്ഞു കിടക്കുകയാണ്.

