കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്തിലെ തേര ഉന്നതിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള ഫണ്ട് ശരിയായ ദിശയിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2026-27 വർഷത്തെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യം എല്ലാ മാസവും കൃത്യമായി വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
ജില്ലയിലെ പട്ടികവർഗ മേഖലകളിൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവുള്ളവരെ മെഡിക്കൽ പരിശോധനയിലൂടെ കണ്ടെത്തി വൈറ്റമിൻ സപ്ലിമെന്റുകളും പോഷകസമൃദ്ധമായ ഫുഡ് കിറ്റുകളും നൽകുന്നതാണ് പദ്ധതി. കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിലെ 15 ആദിവാസി സങ്കേതങ്ങളിലെ 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വകുപ്പിന് കീഴിലെ മൊബൈൽ മെഡിക്കൽ യൂണിറ്റ് മുഖേനയാണ് പരിശോധനയും വിതരണവും. ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഫുഡ് കിറ്റ് ത്രിവേണി സൂപ്പർമാർക്കറ്റ് വഴിയാണ് നൽകുന്നത്. ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റസിയ റഹ്മത്ത്, ശ്രീദേവി മധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാർട്ടിൻ, വിവേക് ഹരിദാസ്, സുജിത്ത് പോൾ, പി.എം. നാദിർഷ, ബിന്ദു ജോർജ്, അനിത തോമസ്, മേരി വിൻസെന്റ്, ബിനി ഷാജി, സുമയ്യ ടി.എസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ഫിനാൻസ് ഓഫീസർ യു. ഹനീഷ്, സൂപ്രണ്ട് പ്രസാദ്. പി. എൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി ഇ.കെ, ബിന്ദു രാജേന്ദ്രൻ, അരുണിമ കെ, ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മനോജ് കെ.ജി, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിജി സന്തോഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജോബി വർഗീസ്, ഊര് മൂപ്പൻ ലക്ഷ്മണൻ, കാണിക്കാരൻ ചുങ്കൻ എന്നിവർ സംസാരിച്ചു. ഡോ. മേഗലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

