തിരുവനന്തപുരം: ഇനിയും മറനീങ്ങാന് ദുരൂഹതകളേറെ ബാക്കിയുണ്ട് കരമനയിലെ രഹസ്യങ്ങളുടെ കൂടായ കൂടത്തില് തറവാട്ടില്. 2017ല് നടന്ന ജയമാധവന് നായരുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തിലും അന്വേഷണം നടക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാന് ജയമാധവനെ തല ഭിത്തിയില് ഇടിപ്പിച്ച് കൊലപ്പെടുത്തിയതായാണ് കാര്യസ്ഥന് രവീന്ദ്രന് നായരുടെ മൊഴി. തറവാട്ടിലെ കാരണവരില് തുടങ്ങി അവസാന കണ്ണി വരെ ഏഴുപേരാണ് 1991 മുതല് 2017 വരെയുള്ള കാലയളവില് ദുരൂഹ സാഹചര്യത്തില് മരിച്ചത്. മൊഴിയിലെ ചില പൊരുത്തക്കേടുകളും രക്തക്കറകളും ബ്രെയിന് മാപ്പിങുമെല്ലാമാണ് കേസില് നിര്ണായകമായത്. രക്തം മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിന്റെ ചുരുളുകള് അന്വേഷണ സംഘം പയ്യെ അഴിച്ച് തുടങ്ങിയിരിക്കുകയാണ്.
തിരുവനന്തപുരം കരമന കൂടത്തില് തറവാട്ടിലെ ഗോപിനാഥന് പിള്ള, ഭാര്യ സുമുഖി അമ്മ, മക്കളായ ജയപാലകൃഷ്ണന്, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന് പിള്ളയുടെ സഹോദരന്റെ മക്കളായ ഉണ്ണികൃഷ്ണന് നായര്, ജയ മാധവന് നായര് എന്നിവരാണ് ദുരൂഹ സാഹചര്യത്തില് മരിച്ചത്. 1991 മുതല് 2017 വരെയുള്ള കാലയളവിലായിരുന്നു മരണങ്ങള്. ഏറ്റവും ഒടുവില് 2017 ഏപ്രില് രണ്ടിനു മരിച്ച ജയമാധവന്റെ മരണത്തിലാണ് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രനെ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കട്ടിലില് നിന്ന് വീണുണ്ടായ പരുക്കാണ് മരണകാരണം എന്നായിരുന്നു ആദ്യ നിഗമനം. ഇങ്ങനെയായിരുന്നു കാര്യസ്ഥനും പൊലീസിന് നല്കിയ മൊഴി. എന്നാല് കരമന പൊലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്താകുന്നത്. തുടര്ന്നാണ് 9 വര്ഷങ്ങള്ക്കുശേഷം കാര്യസ്ഥന് രവീന്ദ്രന്റെ അറസ്റ്റ്. ജയ് മാധവന് നായര് മരിച്ചു കിടന്ന മുറിയില് നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആയിരുന്നു കേസിന്റെ ചുരുളഴിഞ്ഞത്.
വീട്ടിലെ ജോലിക്കാരിയുടെയും, ജയ് മാധവനെ ആശുപത്രിയില് എത്തിച്ച ഓട്ടോ ഡ്രൈവറുടെയും മൊഴികള് നിര്ണായകമായി. വ്യാജ വില്പ്പത്രം തയ്യാറാക്കി കോടികള് വില മതിക്കുന്ന തറവാട്ട് സ്വത്തുക്കള് കാര്യസ്ഥനായ രവീന്ദ്രന് നായരും ചില ബന്ധുക്കളും ചേര്ന്ന് കൈക്കലാക്കി എന്നും അന്വേഷണത്തില് കണ്ടെത്തി. കേസിന്റെ ആദ്യനാള് മുതല് ദുരൂഹത നിറഞ്ഞതായിരുന്നു. 15 വര്ഷത്തിനിടെ ഉണ്ടായ ഏഴു മരണങ്ങളിലും ദുരൂഹത ഉണ്ടെന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാല് അവസാനം മരിച്ച ജയ് മാധവന്റെ കാര്യത്തില് മാത്രമാണ് ദുരൂഹത നീക്കാന് പൊലീസിനായത്.

