ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര മന്ത്രിമാരെ രംഗത്തിറക്കി ബിജെപി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേത് ബാലിശമായ പെരുമാറ്റവും ഇരട്ടത്താപ്പുമാണെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ഭരണഘടനയെ തകർക്കാനാണ് ശ്രമം. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ സ്വയം ഭരണാധികാരമുണ്ടെന്നും പീയുഷ് ഗോയൽ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ കോൺഗ്രസ് ചോദ്യം ചെയ്യുന്നത് സ്വന്തം മുൻകാല ചരിത്രം മറച്ചുവെച്ചാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് രാഷ്ട്രീയ ആനുകൂല്യങ്ങളോ പദവികളോ നൽകുന്ന പതിവ് എൻഡിഎ സർക്കാരിനില്ല. കമ്മീഷന് നേരെ വിരൽ ചൂണ്ടുന്ന രാഹുൽ സ്വന്തം പാർട്ടിയുടെ ഭൂതകാലം പരിശോധിക്കണമെന്ന് പീയുഷ് ഗോയൽ ആവശ്യപ്പെട്ടു. ഭരണകാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസ് സ്വജനപക്ഷപാതവും സ്വാധീനവും പ്രയോഗിച്ചു. ടി.എൻ. ശേഷന് 1999-ൽ എൽ.കെ. അദ്വാനിക്കെതിരെ മത്സരിക്കാൻ പാരിതോഷികമായാണ് കോൺഗ്രസ് ടിക്കറ്റ് നൽകിയതെന്ന് അദേഹം ആരോപിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ 2000-ൽ എം.എസ്. ഗില്ലിന് പത്മവിഭൂഷൺ നൽകിയതിനെയും കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ചൂണ്ടിക്കാണിച്ചു. കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറെ നിയമിച്ചതിനെയും കേന്ദ്രമന്ത്രി വിമർശിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഒരു മാസത്തിനുള്ളിലാണ് നിയമനം നൽകിയത്. ഇത് എന്തേലും പാരിതോഷികം ആണോയെന്ന് അദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിൽ ഞങ്ങളെ സഹായിക്കൂ ഞങ്ങൾ പദവി നൽകാമെന്ന് പറഞ്ഞത് പ്രകാരമാണോ നിയമനം എന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.

