കോതമംഗലം:: പ്രകൃതിമനോഹരമായ മാമലക്കണ്ടത്തിന്റെ ടൂറിസം സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് എറണാകുളം ജില്ലാതല അന്താരാഷ്ട്ര ടൂറിസം ദിനാഘോഷത്തിന് തുടക്കമായി. മാമലക്കണ്ടം എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിസന്ധികളെ മറികടന്ന് മാമലക്കണ്ടത്തെ കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് എം.പി. പ്രഖ്യാപിച്ചു.ഷിബു തെക്കുംപുറം എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണവും ജില്ലാ കളക്ടര്‍ പ്രിയങ്ക ജി. ഐ.എ.എസ്. മുഖ്യാതിഥിയായും പങ്കെടുത്തു.
ജനകീയ വികസനവും വനഭംഗിയും
കോതമംഗലത്തിന്റെ ടൂറിസം വികസനം മാമലക്കണ്ടത്തില്‍ നിന്ന് ആരംഭിക്കുമെന്നും പ്രകൃതിയെയും തദ്ദേശീയ സംസ്കാരത്തെയും സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുകയെന്നും എം.എല്‍.എ. അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന 20 പ്രധാന ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളില്‍ മാമലക്കണ്ടത്തെ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പരമ്പരാഗത സ്വീകരണവും ആദിവാസി നൃത്തവും
പരിപാടിയുടെ ഭാഗമായി രാവിലെ മേട്നപ്പാറ ഉന്നതിയിലെത്തിയ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥ സംഘത്തിനും ഊരുമൂപ്പന്റെ നേതൃത്വത്തില്‍ തനതായ പരമ്പരാഗത സ്വീകരണം നല്കി. ആദിവാസി സംസ്കാരമറിഞ്ഞ ജനപ്രതിനിധികളും കളക്ടറും അവര്‍ക്കൊപ്പം പരമ്പരാഗത ചുവടുകള്‍ വെച്ചത് ആഘോഷങ്ങള്‍ക്ക് വേറിട്ട അനുഭവമായി. ആദിവാസി വിഭവമായ ‘കുമ്പംകാച്ചി’ രുചിക്കാനും സംഘത്തിന് അവസരം ലഭിച്ചു.ചടങ്ങിനുശേഷം മാമലക്കണ്ടത്തുനിന്ന് കൊയ്നിപ്പാറയിലേക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ട്രക്കിങ് നടന്നു. വനം വകുപ്പ്, ഡി.ടി.പി.സി, ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാര്‍ ഏലിയാസ്, സെന്റ് പീറ്റേഴ്സ് കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങി വന്‍ജനപങ്കാളിത്തമാണ് പരിപാടിയില്‍ ദൃശ്യമായത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്‍സി മോഹന്‍, ബ്ലോക്ക് മെമ്പര്‍ ചിഞ്ചു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു ഏലിയാസ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കാന്തി വെള്ളക്കയന്, അരുണ്‍ ചന്ദ്രന്, ലിസ്സി സൈമണ്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ പി ഗോപിനാഥന്, ഇ കെ ജോഷി, കുട്ടമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോഷി പൊട്ടക്കന്‍, എ.ടി. പൗലോസ്, ഡി.ടി.പി.സി., വനം വകുപ്പ്, ടട്രൈബല് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

