ഇടുക്കി: തൊടുപുഴ വെങ്ങല്ലൂരിലെ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് സഹപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അൽഫോൻസാ, ലിസി, നിഷ എന്നീ മൂന്ന് ജീവനക്കാർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നീ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് മൂന്ന് പേരെയും ആശുപത്രി അധികൃതർ ഇന്നലെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ആശുപത്രിയിലെ നഴ്സായ മുപ്പത്തിയൊന്നുകാരി എം. മെറിൻ നീതു ആണ് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ 2026 ജൂൺ ഒന്നിന് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം, ഭാരതീയ ന്യായ സംഹിതയിലെ (BNS) 62, 108, 356(2), 351(3), 3(5) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2026 മെയ് 18 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ പ്രതികൾ മൂന്നുപേരും ചേർന്ന് ആശുപത്രിയിൽ വെച്ച് യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.ജോലി കളയിക്കുമെന്ന് പറഞ്ഞ് പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും, പരാതിക്കാരിക്ക് എതിരെ മനപ്പൂർവ്വം അപവാദ പ്രചാരണം നടത്തിയതായും പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവർത്തികളെല്ലാം പരാതിക്കാരിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും, ജീവനൊടുക്കാൻ പ്രേരിപ്പിക്കാൻ കാരണമാവുകയും ചെയ്തു എന്നതാണ് കേസിന്റെ പ്രധാന അടിസ്ഥാനം. ആത്മഹത്യാശ്രമത്തെ തുടർന്ന് സ്മിത മെമ്മോറിയൽ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന മെറിനിൽ നിന്നും തൊടുപുഴ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മൊഴി രേഖപ്പെടുത്തി.


