തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ നല്‍കാനും പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓണ്‍ലൈനായി നടന്ന യോഗത്തിന് ശേഷം മന്ത്രിമാരായ കെ രാജന്, വി എന്‍ വാസവന്, ആര് ബിന്ദു, എം ബി രാജേഷ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും അപകടം നടന്നയിടത്തേക്ക് ഇന്നലെ പോകാനിടയുള്ള ആരെയെങ്കിലും കാണാതായി എന്ന് തോന്നിയാല്‍ ഒരു മടിയും കൂടാതെ ഉടനടി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്ന് മന്ത്രി കെ രാജന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അപകടത്തില്‍ എത്ര പേരാണ് പെട്ടിരിക്കുന്നത് ഇപ്പോഴും കൃത്യമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മന്ത്രിമാര്‍ വിശദീകരിച്ചു. അപകടത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സി എമന് രാമചന്ദ്രന് കമ്മീഷനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കേന്ദ്രസഹായത്തെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷിച്ചിരിക്കാതെയാണ് സംസ്ഥാനം ദുരന്തബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. വയനാട് ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രത്തോട് കേണുയാചിച്ചിട്ടും സഹായമുണ്ടായില്ലെന്നും നമ്മുക്ക് ചെയ്യാനാകുന്നത് നമ്മള് ചെയ്യുന്നുവെന്നും മന്ത്രി വി എന്‍ വാസവന് പറഞ്ഞു.


