തിരുവനന്തപുരം: നിതിൻ രാജിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുറത്തുവരുന്നത് കേരളത്തിന് അംഗീകരിക്കാനാവാത്ത വാർത്തകളാണ്. മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഡോ.ബി.ആർ അംബേദ്കറുടെ ജന്മദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് പരാമർശിക്കുന്നത്.
‘ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാർഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്’ -മുഖ്യമന്ത്രി പറഞ്ഞു.


