പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനോട് പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കോന്നി സ്വദേശി ദാസ് പി ജോര്‍ജ്. തന്റെ നടപടി പ്രസംഗം തടസപെടുത്തുന്നതിന് തുല്യമായെന്നും അദ്ദേഹം പറഞ്ഞു.
‘തെറ്റ് എന്റെ ഭാഗത്താണ്.അദ്ദേഹം എന്നെ ശാസിച്ചു. ഒരുപാട് വികസനം ലക്ഷ്യമിടുന്ന സര്‍ക്കാറാണ് വരാന്‍ പോകുന്നത്. ഭാവി വികസനത്തിന് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നാണ് ചോദിക്കാന്‍ ഉദ്ദേശിച്ചത്. ഞാന്‍ ചെറുതായിട്ട് മദ്യപിച്ചിരുന്നു. 25 വര്‍ഷത്തിലധികം പാര്‍ട്ടി അംഗമായിരുന്നുവെന്നും’ ദാസ് പറഞ്ഞു.
ഇന്നലെ പത്തനംതിട്ട കോന്നിയിലാണ് എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദാസ് പി ജോര്‍ജ് മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞത്. അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി.


