കൊച്ചി: വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്ന ജനം ടിവി വാര്‍ത്തയ്ക്കെതിരെ കോളേജ് മാനേജ്മെന്റും നടന് സലിംകുമാറും രംഗത്തെത്തിയിരിക്കുന്നത്. അത് ഇസ്ലാമിക് സ്റ്റേറ്റ് – അല്‍ ഖ്വായ്ദ ഭീകരരുടെ പരിപാടിയാണെന്ന വാര്‍ത്ത തെറ്റാണെന്നും യഥാര്‍ത്ഥ സംഭവത്തെ വളച്ചൊടിച്ചാണ് വാര്‍ത്ത നല്‍കിയതെന്നും കോളേജ് മാനേജ്മെന്റ് പ്രതികരിച്ചു. താന്‍ കൂടി പങ്കെടുത്ത പരിപാടിയെ ജനം ടി വി തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാറും വ്യക്തമാക്കി.

മാര്‍ച്ചില്‍ നടന്ന പരിപാടി വിദ്യാര്‍ത്ഥികളുടെ ആഘോഷം മാത്രമായിരുന്നെന്നും സി.ഐ.ഡി മൂസ എന്ന സിനിമയുടെ പ്രത്യേക തീമില്‍ രൂപം കൊടുത്ത ആന്വല്‍ ഡേക്ക് അതേ രൂപത്തില്‍ വസ്ത്രം ധരിച്ചുവെന്നേയുള്ളുവെന്നും അന്ന് നടന്ന ആഘോഷ പരിപാടി മികച്ചതായിരുന്നെന്നും സലീം കുമാര്‍ പറയുന്നു. ജനം ടി.വി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്ലിംങ്ങള്ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടെയെന്നും അവര്‍ക്ക്
ആഘോഷിക്കേണ്ടെയെന്നും സലീം കുമാര്‍ ചോദിച്ചു. നല്ല രീതിയില്‍ കോളെജ് നടത്തുന്ന ഡീസന്റ് ആള്‍ക്കാരാണ് സി.എച്ച്.എം.എം കോളെജ് മാനേജ്മെന്റ് എന്നും സലീം കുമാര്‍ പറയുന്നു.
വര്‍ക്കല ചവര്‍ക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജില്‍ എത്തിയെന്നായിരുന്നു ജനം ടി വി, ആഘോഷത്തിന്റെ വീഡിയോ സഹിതം നല്കിയ വാര്‍ത്ത. അല്‍ ഖ്വായ്ദയുടെ പതാക ഉയര്‍ത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് – അല്‍ ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും കോളേജിലെ പരിപാടിക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിന്റെ തീം ആയാണ് അവര്‍ ആ വസ്ത്രം ധരിച്ചതെന്നും സലീം കുമാര്‍ പറഞ്ഞു. നേരത്തേ നിശ്ചയിച്ച രീതിയില്‍ കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികളെത്തിയത്. തന്റെ ഒരു സിനിമയിലെ വേഷം അവര്‍ തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവര്‍ അത് ആവശ്യപ്പെട്ടിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാര്‍ത്ഥികള്‍ മുഴക്കിയിട്ടില്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി.
”കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല” എന്നും സലീം കുമാര്‍ പറഞ്ഞു. പരിപാടിയില്‍ സലീം കുമാറും കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. കോളേജ് വാര്‍ഷികത്തിന്റെ ഭാഗമായായിരുന്നു ആഘോഷം. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താനും കറുപ്പ് വസ്ത്രം ധരിച്ചെത്തിയതെന്നും സലിം കുമാര്‍ വ്യക്തമാക്കി.


