സിനിമയിലേക്ക് ചുവട് വയ്ക്കുന്ന മോഹൻലാലിന്റെ മകൾ വിസ്മയക്ക് ആശംസയുമായി സംവിധായകൻ പ്രിയദര്ശൻ. കല്യാണി പ്രിയദര്ശന് ലോക ലഭിച്ചതുപോലെ വിസ്മയക്ക് തുടക്കം മനോഹരമായൊരു തുടക്കമാകട്ടെ എന്ന് പ്രിയദര്ശൻ ആശംസിച്ചു.
‘ഈ രണ്ടു കുട്ടികളെയും ഞാൻ എന്റെ കൈകളിൽ എടുത്തുകൊണ്ട് നടന്നതാണ്. ഞങ്ങൾ അങ്ങനെയൊരു കുടുംബം ആയിരുന്നു. ഇന്ന് മോഹൻലാൽ പറഞ്ഞതുപോലെ ഞങ്ങൾ ഒരിക്കലും കരുതിയില്ല ഇവർ സിനിമയിലേക്ക് എത്തുമെന്ന്. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്ക്കും തുടക്കം ഒരു സുന്ദര തുടക്കം തന്നെയാകട്ടെ. ദൈവം രക്ഷിക്കട്ടെ മായ…’, പ്രിയദർശന്റെ വാക്കുകൾ.
വിസ്മയ അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ പൂജ ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു. മോഹൻലാൽ കുടുംബസമേതമാണ് പൂജക്ക് എത്തിയത്. ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. 2018 എന്ന സിനിമക്ക് ശേഷം ജൂഡ് ആൻ്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടക്കം. ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ സിനിമയും. സഹോദരൻ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.ഈ വർഷം വളരെ സ്പെഷ്യലെന്നായിരുന്നു ഭാര്യ സുചിത്രയുടെ പ്രതികരണം.


