കല്പറ്റ: കന്യാസ്ത്രീവേഷത്തില്‍ സിസ്റ്റര്‍ സബീന പഴയ കൗമാരക്കാരിയായ കായികതാരമായി. പാദരക്ഷകളിടാതെ കല്‍പ്പറ്റ മൈതാനമാകെ ആവേശത്തിലാക്കി അവര്‍ ഹര്‍ഡിലുകള്‍ ചാടിക്കടന്നു, ഒടുവില്‍ ഒന്നാമതായി ഫിനിഷുചെയ്ത സബീനയെ അഭിനന്ദിക്കാന്‍ ചുറ്റുംകൂടിയവര്‍ ഓടിയെത്തി. സിസ്റ്ററേ…… കണ്‍ഗ്രാജുലേഷന്‍സ്’
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തു. കോളേജ് പഠനകാലത്ത് ഇന്റര്‍വാഴ്സിറ്റി മത്സരങ്ങളിലടക്കം മിന്നുംതാരമായി. പിന്നീട് കായികാധ്യാപികയുമായി. അധ്യാപികയായശേഷം മത്സരങ്ങളിലൊന്നും അധികം പങ്കെടുത്തില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കായികാധ്യാപികയുടെ ജോലിയില്‍നിന്ന് വിരമിക്കുകയാണ്. വിരമിക്കുന്നതിനുമുന്പ് മത്സരത്തില്‍ പങ്കെടുക്കണമെന്നുതോന്നി, അങ്ങനെയാണ് സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ എത്തുന്നത്-സിസ്റ്റര്‍ പറഞ്ഞു. ആ വരവ് വെറുതേയായില്ല മാസ്റ്റേഴ്സ് മീറ്റിലെ ആദ്യമത്സരത്തില്‍ത്തന്നെ അവര്‍ സ്വര്‍ണമെഡലും നേടി.
പഴയ കായികതാരമാണെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം 55-നു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റര്‍ മത്സരത്തിനായി ട്രാക്കിലിറങ്ങിയത്. ദ്വാരക എയുപി സ്കൂളിലെ കായികാധ്യാപികയാണ്.കാസര്‍കോട് എണ്ണപ്പാറ ഇടവകാംഗമാണ് സിസ്റ്റര്‍ സബീന. 1993-ലാണ് വയനാട്ടിലെത്തുന്നത്. ഇപ്പോള്‍ ദ്വാരക പ്രൊവിന്‍ഷ്യല്‍ ഹൗസിലെ ആരാധനാമഠത്തിലെ അംഗമാണ്. ബുധനാഴ്ച ഹാര്‍മര്‍ത്രോയിലും പങ്കെടുക്കുന്നുണ്ട്.