ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന് സെപ്തംബര്‍ 12 ന് സത്യപ്രതിജ്ഞ ചെയ്യും. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.
452 വോട്ടുകള്‍ നേടിയായിരുന്നു സി പി രാധാകൃഷ്ണന്റെ വിജയം. 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ത്ഥി ബി സുദര്ശന് റെഡ്ഡിക്ക് 300 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 14 വോട്ടുകള്‍ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്.
ആര്‍എസ്എസിന്റെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് സി പി രാധാകൃഷ്ണന് എന്നതും ശ്രദ്ധയമാണ്. ആര്‍എസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എം പിമാര്‍ ചേര്‍ന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആര്‍എസ്, ബിജെഡി, അകാലി ദള്‍ എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
അതിനിടെ സി പി രാധാകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രംഗത്തെത്തി. മഹനീയ പദവിയിലേക്കുള്ള നിങ്ങളുടെ ഉയര്‍ച്ച നമ്മുടെ പ്രതിനിധികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ധന്‍കര്‍ പ്രതികരിച്ചു. പദവിയൊഴിഞ്ഞ ശേഷം ധന്‍കര്‍ നടത്തുന്ന ആദ്യ പ്രതികരണം ആണിത്. താങ്കളുടെ ആഴത്തിലുള്ള അനുഭവസമ്പത്ത് പൊതുപ്രവര്‍ത്തനത്തിനായി നല്‍കൂവെന്നും ജഗദീപ് ധന്‍കര്‍ പറഞ്ഞു.