ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച 23 വയസുകാരിയായ ഗര്‍ഭിണിക്ക് എച്ച്ഐവി ബാധിച്ചു. ഡിസംബര്‍ മൂന്നിനാണ് ആശുപത്രിയില്‍വച്ച് എച്ച്ഐവി ബാധിച്ച യുവാവിന്റെ രക്തം യുവതി സ്വീകരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ലാബ് ടെക്നീഷ്യന്മാരെ സസ്പെന്‍ഡ് ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്ബ് രക്തദാനത്തിനായി സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവില്‍ രോഗാവസ്ഥ കണ്ടെത്തിയിരുന്നു. എന്നാല്‍ ലാബ് ജീവനക്കാര്‍ ഇയാളെ വിവരം അറിയിച്ചിരുന്നില്ല. അതിനാല്‍ യുവാവ് രക്തദാനം തുടരുകയും ചെയ്തു.
കഴിഞ്ഞ മാസം യുവാവ് ബ്ലഡ് ബാങ്കില്‍ നല്കിയ രക്തമാണ് യുവതി സ്വീകരിച്ചത്. പ്രസവം കഴിഞ്ഞേ കുഞ്ഞിന് എച്ച്ഐവിയുണ്ടോ എന്നകാര്യം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. യുവതിക്കും ഭര്‍ത്താവിനും ജോലിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്ത് സര്‍ക്കാരും രംഗത്തെത്തി.

