തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി അംഗം അടക്കം നാല് പേര് സി പി എമ്മില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്, വെള്ളനാട് വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.
ആര് എസ് എസ് നേതൃത്വത്തിന്റെ അജണ്ടകള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണെന്നും ബി.ജെ.പിയില്‍ ജനാധിപത്യമില്ലെന്നും പാര്‍ട്ടി വിട്ടവര്‍ ആരോപിച്ചു. ശബരിമല വിഷയത്തിലെ ബി ജെ പി നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് സംസ്ഥാന സമിതി അംഗമായിരുന്ന വെള്ളനാട് എസ് കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാന നേതാക്കളടക്കം കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ ബി ജെ പി വിടുമെന്നും സൂചനയുണ്ട്.


