കൊച്ചി: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ പ്രഘോഷിച്ച ശാസ്ത്രജ്ഞനും അധ്യാപകനുമാണ് പ്രൊഫ എം.കെ. പ്രസാദെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും വനം വകുപ്പ് മുൻ മന്ത്രിയുമായ ബിനോയ് വിശ്വം. ഓക്സിജൻ കിയോസ്കുകൾ നഗരങ്ങളിൽ വ്യാപകമാകുമ്പോൾ പരിസ്ഥിതിയുടെ പ്രത്യയശാസ്ത്രത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന (എം. സി. ഒ. എസ്. എ) യും ബോട്ടണി അലുംനിയും സംഘടിപ്പിച്ച പ്രൊഫസർ എം കെ പ്രസാദ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായുവും വെള്ളവും മലിനമാക്കരുതെന്ന് പ്രൊഫ പ്രസാദ് പറയുമ്പോൾ അത് അന്ന് എല്ലാവർക്കും മനസിലായിരുന്നില്ല. വികസന വിരോധി എന്ന മുദ്രകുത്തലിൽ പതറാതെ ശാസ്ത്രത്തെയും സത്യത്തെയും മുറുകെപ്പിടിച്ച് അദ്ദേഹം പ്രകൃതിയ്ക്കായി നിലകൊണ്ടു. കെ വി സുരേന്ദ്രനാഥും സുബ്രഹ്മണ്യ ശർമയും സി. അച്യുതമേനോനും പരിസ്ഥിതിയുടെ ഈ രാഷ്ട്രീയത്തിന് ഒപ്പം നിന്നവരാണ്.
ജലവൈദ്യുത പദ്ധതിക്കായി സൈലൻ്റ് വാലി വനമേഖല ഇല്ലാതാക്കപ്പെടുന്നതിനെതിരെ പ്രൊഫ പ്രസാദും സുഗതകുമാരിയും അടക്കമുള്ളവർ നടത്തിയ ചെറുത്തുനിൽപ്പ് ധീരമായിരുന്നു. ആ ബോധവൽക്കരണം ഫലം കണ്ടത് മൂലം ഇന്നും സൈലൻ്റ് വാലി നിലനിൽക്കുന്നു – ബിനോയ് വിശ്വം പറഞ്ഞു. പ്രകൃതിയെ മാനിക്കാത്ത വികസനം ആത്യന്തികമായി നാശത്തിലേക്ക് നയിക്കുമെന്ന് സമൂഹം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. കേരള ഹൈക്കോടതിയുടെ പല സുപ്രധാന വിധികളിലും പരിസ്ഥിതിയുടെ അവബോധം സന്നിവേശിപ്പിക്കാൻ പ്രൊഫ പ്രസാദിന്റെ അക്കാദമിക ഇടപെടലുകൾക്ക് കഴിഞ്ഞതായും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രൊഫ എം.കെ പ്രസാദിനെ അനുസ്മരിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രൊഫ എം.കെ പ്രസാദ് എൻഡോവ്മെൻ്റുകളുടെ വിതരണം പ്രൊഫ. ഷെർളി പ്രസാദ് നിർവഹിച്ചു.
ബോട്ടണി പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ. എൽസമ്മ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാർ, അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ ലീഫിൻ്റെ പ്രസിഡൻ്റ് അഡ്വ എ.എ. മുഹമ്മദ് നസീർ, വനം വകുപ്പ് സ്റ്റാൻ്റിംഗ് കോൺസൽ അഡ്വ നാഗരാജ് നാരായണൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻ്റ് ബി. രമേഷ്, മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ കെ. അരവിന്ദാക്ഷൻ, മഹാരാജാസ് ഒ.എസ് എ വൈസ് പ്രസിഡൻ്റ് അഡ്വ സാജൻ മണ്ണാളി, സെക്രട്ടറി സി ഐ സി സി ജയചന്ദ്രൻ, അഡ്വ ബഞ്ചമിൻ പോൾ, അഡ്വ എം.കെ ശശീന്ദ്രൻ, എം.ആർ ഷീല, സി.ആർ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.