രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതിന് പിന്നാലെ സിപിഐ നേതാവ് പ്രകാശ് ബാബുവിന് വീണ്ടും കടുംവെട്ട്. ദേശീയ സെക്രട്ടറിയേറ്റിലേക്ക് പ്രകാശ് ബാബുവിന് പകരം കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയെ. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ദേശിയ എക്സിക്യൂട്ടീവ് അംഗമായ കെ പ്രകാശ് ബാബുവിനെ ഒഴിവാക്കിയാണ് ആനി രാജയെ നിർദ്ദേശിച്ചത്. കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയത്.
രാജ്യസഭാ സ്ഥാനാർത്ഥിത്വം പ്രകാശ് ബാബുവിന് നഷ്ടപ്പെട്ടതും കപ്പിനും ചുണ്ടിനുമിടയിലാണ്. ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം. പ്രകാശ് ബാബുവിനെ ഒഴിവാക്കിയതല്ലെന്നും ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് എന്ന നിലയിലാണെന്നുമാണ് നേതൃത്വം പറയുന്നത്.നേരത്തെ രാജ്യസഭാ സീറ്റിൽ നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു. എഐടിയുസി ജനറൽ സെക്രട്ടറി കെപി രാജേന്ദ്രനെ ദേശീയ എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തി.


