പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 10 മണിയോടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക് പോയി മടങ്ങി വരുമ്പോഴാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ വിഷ്ണുവിനെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും വരാൻ തയ്യാറായില്ല. മുറിയിലുണ്ടായിരുന്നവർ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോഴാണ് മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി അറിയുന്നത്. പലതവണ മുട്ടിയിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വാതിൽ തകർത്തു. ഈ സമയത്താണ് വിഷ്ണുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


