തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ബാധിതരുമായി സമ്പര്‍ക്കത്തിലായ 51 പേരുടെ പരിശോധനാഫലം ഇന്നറിയാം. സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെയുള്പ്പെടെ ഫലമാണ് ലഭിക്കാനുള്ളത്. നിപ വ്യാപനം നിയന്ത്രണ വിധേയമാകുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. നിപ സ്ഥിരീകരിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന ഒമ്പതുവയസുകാരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ചികില്‍സയിലുള്ള മറ്റുമൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗ ബാധിതരുമായി നേരിട്ട് സമ്പര്‍ക്കത്തിലായ ഒരു ആരോഗ്യപ്രവര്‍ത്തകയുള്‍പ്പെടെ അഞ്ചുപേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആകെ 1,192 പേരാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. സമ്പര്‍ക്കത്തിലായ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിപ മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്ക്കുള്പ്പെടെയുള്ള നിയന്ത്രണം കര്‍ശനമായി തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത 23 വരെ അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. നിപ ബാധിത മേഖലകളില്‍ പഠനത്തിനായി കേന്ദ്രമൃഗ സംരക്ഷണവകുപ്പിന്റെ വിദഗ്ധസംഘം നാളെ കോഴിക്കോടെത്തും. അതിസമയം, പനിബാധിച്ച് തിരുവനന്തപുരത്ത് ചികില്‍സയിലുള്ള രണ്ടുപേര്‍ക്കും ഇന്ന് നിപ പരിശോധന നടത്തും. കാട്ടാക്കട സ്വദേശിനിയുടേയും മെഡിക്കല്‍ വിദ്യാര്‍ഥിയുടേയും സാംപിളുകളാണ് പരിശോധിക്കുന്നത്. പനിയുളള ഇരുവരേയും ഐസലേഷനിലേയ്ക്ക് മാറ്റി. മെഡിക്കല്‍ വിദ്യാര്‍ഥി കോഴിക്കോട് നിന്ന് വന്നയാളാണ്. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കള്‍ കോഴിക്കോട് നിന്ന് വന്നിരുന്നു. തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് സാംപിളുകള്‍ പരിശോധിക്കുക. മുന്‍കരുതല്‍ നടപടി മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതിനിടെ, കേരളത്തിലെ നിപ ബാധയുടെ ആശങ്കയില്‍ അതിര്‍ത്തികളില്‍ തമിഴ്നാട് കര്‍ശന പരിശോധന തുടരുകയാണ്. വാളയാര്‍, ഗോവിന്ദാപുരം, മീനാക്ഷിപുരം തുടങ്ങി പാലക്കാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും നീളുന്ന പരിശോധനയുണ്ട്. എന്നാല്‍ ആശുപത്രിയിലേക്ക് ഉള്‍പ്പെടെ അടിയന്തര സാഹചര്യവുമായെത്തുന്ന വാഹനങ്ങള്‍ പരിശോധനയില്ലാതെ കടത്തിവിടുന്നുണ്ട്.


