തൃശ്ശൂര്‍: ജയിലിലെ അതിക്രമത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് വിയ്യൂ പോലീസ്. അതിക്രമം നടത്തുകയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തത്. അസി. ജയില്‍ സൂപ്രണ്ടായ രാഹുലിനെയാണ് ആകാശ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ആകാശിനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ വൈകീട്ടാണ് സംഭവം. ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. പരിക്കേറ്റ രാഹുലിനെ വൈകുന്നേരം 4.30 ഓടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ രാഹുല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ആകാശിനെതിരെ വിയ്യൂര്‍ പോലീസ് കേസെടുത്തത്. ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ്.


